Kerala
തിരുവനന്തപുരം: കഴക്കൂട്ടത്തെ ലോഡ്ജിൽ നാലു വയസുകാരൻ മരിച്ച സംഭവം കൊലപാതകം. അമ്മയുടെ സുഹൃത്ത് കുറ്റം സമ്മതിച്ചു. കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്നത് താനാണെന്ന് അമ്മയുടെ സുഹൃത്തായ തൻബീർ ആലം പോലീസിനോട് പറഞ്ഞു.
രണ്ട് ദിവസം നീണ്ട് നിന്ന ചോദ്യം ചെയ്യലുകൾക്ക് ഒടുവിലാണ് തൻബീർ ആലം കുറ്റസമ്മതം നടത്തിയത്. കഴുത്തിൽ ടവ്വൽ മുറുക്കിയാണ് കുഞ്ഞിനെ കൊലപ്പെടുത്തിയതെന്നായിരുന്നു കുറ്റസമ്മതം.
ഞായറാഴ്ചയാണ് കഴക്കൂട്ടത്തെ ലോഡ്ജിൽവച്ച് ബംഗാൾ സ്വദേശിയായ മുന്നി ബീഗത്തിന്റെ മകൻ ഗിൽദാർ കൊല്ലപ്പെട്ടത്. മുന്നി ബീഗവും തൻബീർ ആലവും തമ്മിൽ തർക്കമുണ്ടായിരുന്നു.
ഇതിൽ പ്രകോപിതനായാണ് കുഞ്ഞിനെ ആക്രമിച്ചതെന്ന് തൻബീർ മൊഴി നൽകി. ആശുപത്രിയിലെത്തുമ്പോൾ കുഞ്ഞിന് ജീവനുണ്ടായിരുന്നില്ല. തുടർന്ന് ആശുപത്രി അധികൃതർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
തൻബീറിന്റെ അറസ്റ്റ് ബുധനാഴ്ച രേഖപ്പെടുത്തും. അതേസമയം ചോദ്യം ചെയ്തെങ്കിലും കൃത്യത്തിൽ മുന്നി ബീഗത്തിന് പങ്കില്ലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
National
കോൽക്കത്ത: സഹോദരനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയെ യുവാവ് വെട്ടിക്കൊന്നു. പശ്ചിമബംഗാളിലെ മുർഷിദാബാദ് ജില്ലയിലെ ഫറാക്ക പോലീസ് സ്റ്റേഷന് കീഴിലുള്ള നാഷണൽ തെർമൽ പവർ കോർപ്പറേഷൻ (എൻടിപിസി) ലിമിറ്റഡിന്റെ കെൻഡുവ ആഷ് പോണ്ടിൽ ഞായറാഴ്ച അർധരാത്രിയോടെയാണ് സംഭവം.
ആഷ് പോണ്ടിൽ രാത്രി കാവൽക്കാരനായി ജോലി ചെയ്തിരുന്ന ആലം ഷെയ്ഖ്(48) ആണ് കൊല്ലപ്പെട്ടത്. കേസിലെ പ്രതി പന്ന ഷെയ്ഖ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മൂർച്ചയേറിയ ആയുധം കൊണ്ടാണ് പന്ന ഷെയ്ഖ്, ആലം ഷെയ്ഖിനെ കൊലപ്പെടുത്തിയത്. പ്രതിയെ പോലീസ് പിടികൂടിയില്ല.
2015ൽ ജോറാപുകുരിയ ഗ്രാമത്തിൽ തർക്കത്തെ തുടർന്ന് കൊലപാതകം നടന്നിരുന്നു. പന്ന ഷെയ്ഖിന്റെ സഹോദരൻ തൗഫീഖ് ഷെയ്ക്കിനെ ആലം ഷെയ്ഖും ഒരുസംഘമാളുകളും വീട്ടിൽ നിന്നും വിളിച്ചിറക്കി തല്ലിക്കൊല്ലുകയായിരുന്നു.
സംഭവത്തിൽ ഫറാക്ക പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്യുകയും ആലം ഷെയ്ക്കിനെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ദീർഘകാലം ജയിലിൽ കഴിഞ്ഞ ആലം ഷെയ്ഖ് പിന്നീട് ജാമ്യത്തിൽ പുറത്തിറങ്ങി.
തൗഫീഖ് ഷെയ്ഖിന്റെ കൊലപാതകത്തിന് ശേഷം, അദ്ദേഹത്തിന്റെ മൂത്ത സഹോദരൻ പന്ന ഷെയ്ക്ക് ഗ്രാമം വിട്ടുപോയിരുന്നു. വർഷങ്ങളോളം ഒളിവിൽ കഴിഞ്ഞ ശേഷം ഏതാനും മാസങ്ങൾക്ക് മുമ്പ് അദ്ദേഹം ജോറാപുകുരിയയിലേക്ക് മടങ്ങിയെത്തി.
ഞായറാഴ്ച രാത്രി ആലം ഷെയ്ഖ് തന്റെ ജോലിസ്ഥലത്തേക്ക് പോകുമ്പോൾ, പന്ന ഷെയ്ഖും മറ്റ് ചിലരും അദ്ദേഹത്തെ തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഓടി രക്ഷപ്പെട്ടു. ആലം ഷെയ്ഖ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. പിന്നീട് പോലീസ് മൃതദേഹം കണ്ടെടുത്ത് പോസ്റ്റ്മോർട്ടത്തിനായി ജംഗിപൂർ സബ് ഡിവിഷണൽ ആശുപത്രിയിലേക്ക് അയച്ചു.
പന്ന ഷെയ്ഖ് ഗ്രാമത്തിലേക്ക് മടങ്ങിയതിനുശേഷം കുടുംബത്തിന് ആശങ്ക ഉണ്ടായിരുന്നുവെന്ന് ആലം ഷെയ്ഖിന്റെ മൂത്ത സഹോദരനും തൃണമൂൽ കോൺഗ്രസിന്റെ പ്രാദേശിക നേതാവുമായ നബി ഷെയ്ഖ് പറഞ്ഞു.
"അവൻ തിരിച്ചെത്തിയതിനുശേഷം കുഴപ്പമുണ്ടാകുമെന്ന് ഞങ്ങൾ ഭയപ്പെട്ടു, പക്ഷേ അവൻ എന്റെ സഹോദരനെ ക്രൂരമായി കൊലപ്പെടുത്തുമെന്ന് ഞങ്ങൾ ഒരിക്കലും കരുതിയിരുന്നില്ല'. നബി ഷെയ്ഖ് പ്രതികരിച്ചു.
കൊലപാതകത്തെത്തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിന്നിരുന്നു. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാൻ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുകയും സുരക്ഷ ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.
Kerala
കായംകുളം: ഭാര്യയെ പ്രസവത്തിനായി ആശുപത്രിയിലേക്കു കൊണ്ടുപോകാൻ ഒരു ദിവസം മാത്രം ബാക്കിനിൽക്കെയാണ് മാവേലിക്കര കോടതിയിലെ അഭിഭാഷകനായ മകൻ അച്ഛനെ ദാരുണമായി വെട്ടിക്കൊലപ്പെടുത്തിയത്. കായംകുളം കണ്ടല്ലൂർ തെക്ക് പീടികച്ചിറയിൽ നവജിത്ത് (30) ആണ് പിതാവ് നടരാജനെ (63) വെട്ടിക്കൊലപ്പെടുത്തിയത്. കഴിഞ്ഞ ദിവസം രാത്രി 9.30 നാണ് നാടിനെ നടുക്കിയ സംഭവം. ഗുരുതരമായി പരിക്കേറ്റ അമ്മ സിന്ധുവിനെ (48) മാവേലിക്കരയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നടരാജന്റെ മുഖം ആകെ വെട്ടുകൊണ്ട് വികൃതമായ നിലയിൽ ആയിരുന്നു. മുഖത്തും തലയ്ക്കുമാണ് ക്രൂരമായി വെട്ടേറ്റത്.
മാതാപിതാക്കളുമായി ഉണ്ടായ തർക്കമാണ് അക്രമത്തിൽ കലാശിച്ചത്. വെട്ടുകത്തിയുമായി ആക്രമണം നടത്തിയ ശേഷം നവജിത്ത് അലറി വിളിച്ചു ഭീകാരാന്തരീക്ഷം സൃഷ്ടിച്ചു. നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ നവജിത്ത് രക്തം പുരണ്ട കത്തിയുമായി വീടിന്റെ മുകളിലത്തെ നിലയിൽ നിലയുറപ്പിച്ച് നിൽക്കുന്നതാണ് നാട്ടുകാർ കണ്ടത്. രക്തം വാർന്നു കിടക്കുന്ന നടരാജനെയും സിന്ധുവിനെയും ഉടൻതന്നെ നാട്ടുകാർ കായംകുളം താലൂക്ക് ആശുപത്രിയിലേക്കും തുടർന്ന് മാവേലിക്കരയിലേക്കും എത്തിച്ചെങ്കിലും നടരാജന്റെ ജീവൻ രക്ഷിക്കാനായില്ല.
ചോരപുരണ്ട കത്തിയുമായി ഭീഷണി മുഴക്കി നിന്ന പ്രതിയെ പോലീസിനു കീഴ്പ്പെടുത്താൻ ഏറെ നേരത്തെ പരിശ്രമം വേണ്ടിവന്നു. ഒടുവിൽ, പോലീസ് സാഹസികമായി കയറുപയോഗിച്ചു വരിഞ്ഞുമുറുക്കിയാണ് നവജിത്തിനെ കീഴടക്കി അറസ്റ്റ് ചെയ്തത്.
കൊലപാതകം നടക്കുമ്പോൾ നവജിത്തിന്റെ മറ്റ് സഹോദരങ്ങളായ നിധിൻരാജ്, നിധിമോൾ എന്നിവർ വീട്ടിൽ ഉണ്ടായിരുന്നില്ല. കുടുംബ പ്രശ്നങ്ങളാണ് സംഭവത്തിനു പിന്നിലെന്നും പോലീസ് അറിയിച്ചു. അതേസമയം, ഇയാൾ ലഹരി ഉപയോഗിക്കുന്ന ആളാണെന്നും അതു മാതാപിതാക്കൾ ചോദ്യം ചെയ്തതാണ് പ്രകോപനത്തിനു കാരണമെന്നും നാട്ടുകാർ പറയുന്നു.
Kerala
കോട്ടയം: കോട്ടയം മാണിക്കുന്നത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. തോട്ടയ്ക്കാട് വാടകയ്ക്ക് താമസിക്കുകയായിരുന്ന പുതുപ്പള്ളി മാങ്ങാനം സ്വദേശി ആദർശ് (23) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കോട്ടയം നഗരസഭ മുൻ കൗൺസിലർ അനിൽകുമാറിനേയും (ടിറ്റോ) മകൻ അഭിജിത്തിനേയും പോലീസ് കസ്റ്റഡിയിലെടുത്തു.
Kerala
കൊച്ചി: എറണാകുളം തേവര കോന്തുരുത്തിയില്‍ സ്ത്രീയുടെ മൃതദേഹം ചാക്കില്‍ പൊതിഞ്ഞ നിലയില്‍ വീട്ടുവളപ്പില്‍ കണ്ടെത്തിയ സംഭവം കൊലപാതകം. സംഭവവുമായി ബന്ധപ്പെട്ട് മൃതദേഹം കണ്ടെത്തിയ വീടിന്റെ ഉടമ കോന്തുരുത്തി സ്വദേശി ജോര്‍ജിനെ (61)എറണാകുളം സൗത്ത് പോലീസ് ഇന്‍സ്പെക്ടര്‍ പി.ആര്. സന്തോഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കസ്റ്റഡിയിലെടുത്തു.
ആദ്യഘട്ട ചോദ്യം ചെയ്യലില്‍ ഇയാള്‍ പോലീസിനോട് സഹകരിച്ചെങ്കിലും പിന്നീട് കൊലപാതകം നടത്തിയെന്ന് കുറ്റസമ്മതം നടത്തി. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. അതേസമയം കൊല്ലപ്പെട്ട സ്ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
വെള്ളിയാഴ്ച രാത്രി എറണാകുളം ഗവ. ഗേള്‍സ് ഹൈസ്കൂളിനു സമീപത്തു നിന്നാണ് ജോര്‍ജ് ലൈംഗികത്തൊഴിലാളിയായ സ്ത്രീയെ വീട്ടിലേക്ക് കൊണ്ടുവന്നത്. വീട്ടിലെത്തിയ ശേഷം സ്ത്രീയുമായി പണത്തെ ചൊല്ലി തര്‍ക്കമുണ്ടായി.
തുടര്‍ന്ന് വീട്ടിലുണ്ടായിരുന്ന ഇരുമ്പിന്റെ ആയുധം കൊണ്ട് തലയ്ക്കടിച്ചു. അതിനുശേഷം കയറുകൊണ്ട് വലിച്ചിഴച്ച് പുറത്തേക്ക് എത്തിക്കാനായിരുന്നു ശ്രമം. എന്നാല്‍ ഇയാള്‍ മദ്യപിച്ചിരുന്നതിനാൽ കുഴഞ്ഞുപോയി. പിന്നീടാണ് മൃതദേഹത്തിനു സമീപം കിടന്ന് ഉറങ്ങിയത്.
ഇന്ന് രാവിലെ ആറിനാണ് ഹരിത കര്‍മസേനാംഗത്തിലെ സ്ത്രീ ജോര്‍ജിന്റെ വീട്ടുവളപ്പില്‍ ചാക്കില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. സമീപത്ത് രക്തപ്പാടുകളും ഉണ്ടായിരുന്നു. മൃതദേഹം കിടന്നിരുന്ന സ്ഥലത്തെ മതിലില്‍ ചാരിയിരുന്ന് ഉറങ്ങുന്ന നിലയില്‍ ജോര്‍ജും ഇരിപ്പുണ്ടായിരുന്നു.
കൊല്ലപ്പെട്ട സ്ത്രീയുടെ തല മുതല്‍ അരവരെയുള്ള ഭാഗം ചാക്കുകൊണ്ട് മൂടിയ നിലയിലായിരുന്നു. അരയ്ക്ക് കീഴോട്ട് നഗ്നമായ നിലയിലായിരുന്നു. ഡിവിഷന് കൗണ്‍സിലറും പ്രദേശവാസികളും അടുത്തെത്തിയപ്പോള്‍ മദ്യലഹരിയിലായിരുന്ന ജോര്‍ജ് തന്നെയൊന്ന് പിടിച്ച് എഴുന്നേല്‍പ്പിക്കാമോയെന്നു ചോദിച്ചു. ഉടന്‍തന്നെ കൗണ്‍സിലര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.
ജോര്‍ജ് വര്‍ഷങ്ങളായി കുടുംബസമേതം ഇവിടെ താമസിക്കുകയാണ്. ഇയാള്‍ പ്രായമായവരെ നോക്കുന്ന ജോലിയാണ് ചെയ്തിരുന്നത്. എന്നാല്‍, മകളുടെ കുഞ്ഞിന്റെ പിറന്നാളുമായി ബന്ധപ്പെട്ട് ജോര്‍ജും ഭാര്യയും പാലായിലെ വീട്ടില്‍ എത്തിയിരുന്നു. ഇതിനുശേഷം വ്യാഴാഴ്ച രാത്രി ജോര്‍ജ് കോന്തുരുത്തിയിലെ വീട്ടില്‍ തനിച്ച് എത്തിയിരുന്നു. ഭാര്യ മകളുടെ വീട്ടില്‍ തന്നെ നിന്നു. ഇവരുടെ മകന് വിദേശത്താണ്.
ഇന്നു പുലര്‍ച്ചെ മൂന്നിനു സമീപത്തെ വീടുകളില്‍ ചാക്ക് അന്വേഷിച്ച് ജോര്‍ജ് എത്തിയിരുന്നുവെന്നു പറയുന്നു. ചത്ത് കിടക്കുന്ന നായയെ മൂടിയിടാനാണെന്ന് പ്രദേശവാസികളോട് പറഞ്ഞെങ്കിലും ആരുടെയും വീടുകളില്‍ ചാക്ക് ഉണ്ടായിരുന്നില്ല. പിന്നീട് ഇയാള്‍ കടയില്‍നിന്ന് ചാക്ക് വാങ്ങിയെന്നും പറയുന്നു.
ഈ വീട്ടില്‍ നിന്ന് പുലര്‍ച്ചെ ശബ്ദം കേട്ടിരുന്നുവെന്ന് ഇവിടെ വാടകയ്ക്ക് താമസിക്കുന്ന അതിഥിത്തൊഴിലാളികളും പോലീസിന് വിവരം നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ട് അതിഥിത്തൊഴിലാളികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും ഇവര്‍ക്ക് സംഭവവുമായി പങ്കില്ലെന്ന് മനസിലായി. പോലീസ് ഇന്‍ക്വസ്റ്റ് നടപടികൾ ആരംഭിച്ചു. ഫോറന്‍സിക് വിദഗ്ധരും സ്ഥലത്ത് എത്തിയിട്ടുണ്ട്.
Kerala
നിലമ്പുർ: മലപ്പുറം എടപ്പാളിൽ സെറിബ്രൽ പാൾസി ബാധിച്ച മകളെ കൊലപ്പെടുത്തിയ ശേഷം അമ്മ ജീവനൊടുക്കി. കണ്ടനകം സ്വദേശിനി അനിതാകുമാരി (57) ആണ് മകൾ അഞ്ജന (27) യെ കൊലപ്പെടുത്തിയത്.
രാവിലെ എട്ടോടെയാണ് സംഭവം. മകൻ ജോലിക്കു പോയ സമയത്ത് അഞ്ജനയെ അനിതാകുമാരി വീട്ടിലെ വെള്ളംനിറഞ്ഞ വീപ്പയിൽ മുക്കി കൊലപ്പെടുത്തി. തുടർന്ന് വീടിനു സമീപത്തെ മരത്തിൽ തൂങ്ങി മരിച്ചെന്നാണ് പോലീസിന്റെ നിഗമനം.
അനിതാകുമാരിയുടെ ഭർത്താവ് ഒരു മാസം മുമ്പ് മരിച്ചിരുന്നു. സംഭവത്തിൽ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Kerala
കൊച്ചി: മഹാരാജാസ് കോളജിലെ എസ്എഫ്ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ട കേസിലെ പ്രാരംഭ വാദം ഡിസംബര്‍ മൂന്നിന് ആരംഭിക്കും. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിചാരണ നടപടികള്‍ക്കായി കേസ് പരിഗണിക്കുന്നത്
2018 ജൂലൈ രണ്ടിന് പുലര്‍ച്ചെയായിരുന്നു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയത്. 2018 സെപ്റ്റംബര്‍ 26ന് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കേസിൽ കാമ്പസ് ഫ്രണ്ട് - പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ പതിനാറ് പേരാണ് പ്രതികൾ.
പ്രതികള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ അനുബന്ധ വകുപ്പുകള്‍ അനുസരിച്ച് കൊലപാതകം, വധശ്രമം ഉള്‍പ്പടെയുള്ള കുറ്റങ്ങളാണ് പ്രത്യേക അന്വേഷണ സംഘം ചുമത്തിയത്. കേസിന്റെ വിചാരണ വൈകുന്നതിനെതിരേ അഭിമന്യുവിന്റെ അമ്മ ഹൈക്കോടതിയെ സമീപിച്ചിരുന്നു.
തുടർന്ന് ഹൈക്കോടതി വിചാരണക്കോടതിയോട് റിപ്പോർട്ടു തേടിയിരുന്നു. വിചാരണ നവംബറിനകം പൂർത്തിയാക്കുമെന്ന് വിചാരണക്കോടതി ഹൈക്കോടതിയെ അറിയിച്ചിരുന്നു.
Kerala
കണ്ണൂര്‍: അരിയില്‍ ഷുക്കൂര്‍ വധക്കേസിലെ പ്രതിയെ ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയാക്കി. കേസിലെ 15-ാം പ്രതിയായ ഷിജിന് മോഹനെയാണ് കണ്ണപുരം ഈസ്റ്റ് മേഖലാ സെക്രട്ടറിയാക്കിയത്.
2012 ഫെബ്രുവരി 20നാണ് അരിയില്‍ ഷുക്കൂര്‍ കൊല്ലപ്പെട്ടത്. കേസിന്റെ വിചാരണ നടപടികള്‍ കഴിഞ്ഞ മേയിലാണ് ആരംഭിച്ചത്. 33 പ്രതികളുള്ള കേസില്‍ സിപിഎം നേതാക്കളായ പി.ജയരാജനും ടി.വി.രാജേഷും പ്രതികളാണ്.
എംഎസ്എഫ് നേതാവായിരുന്ന ഷുക്കൂറിനെ കണ്ണപുരം കീഴറയിലെ വള്ളുവന്‍കടവിനടുത്ത് രണ്ടര മണിക്കൂറോളം ബന്ദിയാക്കിവച്ച ശേഷമാണ് കൊലപ്പെടുത്തിയത്.
Kerala
കൊച്ചി: അങ്കമാലി കറുകുറ്റിയിൽ ആറുമാസം പ്രായമുള്ള കുഞ്ഞ് കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ. ആന്റണി- റൂത്ത് ദമ്പതികളുടെ മകളായ ഡൽന മരിയ സാറ ആണ് മരിച്ചത്. കുഞ്ഞിനെ കഴുത്തിനു മുറിവേറ്റ നിലയിൽ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
വീട്ടിൽ കുഞ്ഞിന്റെ മാതാപിതാക്കളും മുത്തശ്ശിയുമാണുള്ളത്. സംഭവസമയം കുഞ്ഞിനെ മുത്തശ്ശിയുടെ അരികിൽ കിടത്തിയിരിക്കുകയായിരുന്നു. അടുക്കളയിലായിരുന്ന അമ്മ തിരിച്ചെത്തിയപ്പോഴാണ് കുഞ്ഞിനെ കഴുത്തിൽ മുറിവേറ്റ നിലയിൽ കണ്ടത്. ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
സംഭവത്തിനു പിന്നാലെ അവശനിലയിലായ മുത്തശ്ശിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവർ മാനസികാസ്വാസ്ഥ്യം ഉള്ളയാളാണ് എന്ന സ്ഥിരീകരിക്കാത്ത വിവരം പുറത്തുവന്നിട്ടുണ്ട്.
Kerala
തൊടുപുഴ: ചീനിക്കുഴി കൂട്ടക്കൊലപാതകക്കേസിൽ പ്രതി ഹമീദിന് വധശിക്ഷ. പത്ത് വർഷം തടവുശിക്ഷ അനുഭവിക്കുന്നതിനൊപ്പം അഞ്ച് ലക്ഷം രൂപ പിഴ നൽകാനും തൊടുപുഴ അഡീഷണൽ ജില്ലാ കോടതി ഉത്തരവിട്ടു. ഹമീദ് നേരത്തെ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.
2022 മാർച്ച് 19നായിരുന്നു തൊടുപുഴ ചീനിക്കുഴിയിൽ ആലിയേക്കുന്നേൽ മുഹമ്മദ് ഫൈസൽ, ഷീബ, മെഹ്റിൻ, അസ്ന എന്നീവരെ ഫൈസലിന്റെ പിതാവ് ഹമീദ് പെട്രോൾ ഒഴിച്ച് ചുട്ടുകൊന്നത്. സ്വത്തിന് വേണ്ടിയുണ്ടായ നിരന്തര തർക്കമായിരുന്നു കൂട്ടക്കൊലയ്ക്ക് കാരണം.
അതിക്രൂരമായ കൊലപാതകമാണ് പ്രതി നടത്തിയതെന്നും പരമാവധി ശിക്ഷ ഉറപ്പാക്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു. കൊലപ്പെടുത്തിയത് നിഷ്കളങ്കരായ രണ്ട് കുട്ടികളെയുൾപ്പെടെ നാലുപേരെയാണ്. പ്രായം മാറ്റിനിർത്തിയാൽ ബാക്കിയെല്ലാം പ്രതിക്ക് എതിരാണ്. വിധി പുറപ്പെടുവിക്കുന്നതിൽ പ്രായം പരിഗണിക്കരുതെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം.
അതേസമയം, പ്രതിക്ക് ശ്വാസമുട്ടൽ അടക്കമുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്നും, പ്രായമടക്കം പരിഗണിച്ച് ശിക്ഷ കുറയ്ക്കണമെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു. കേസിൽ പ്രതി കുറ്റക്കാരനാണെന്ന് കോടതിക്ക് ബോധ്യമായിട്ടുണ്ടെന്നും എന്തെങ്കിലും പറയാനുണ്ടോ എന്ന ചോദ്യത്തിൽ ശ്വാസംമുട്ടലും ആരോഗ്യപ്രശ്നങ്ങളും ഉണ്ടെന്ന് പ്രതി ഹമീദ് കോടതിയിൽ പറഞ്ഞു.
വിചാരണ വേളയിൽ പ്രതിയുടെ അടുത്ത ബന്ധുവായ സാക്ഷി മൊഴി മാറ്റിയെങ്കിലും കേസിനെ അത് പ്രതികൂലമായി ബാധിച്ചിരുന്നില്ല.
Kerala
കൊച്ചി: കോഴിക്കോട് ആറുവയസുകാരിയെ കൊലപ്പെടുത്തിയ കേസിൽ പിതാവിനും രണ്ടാനമ്മയ്ക്കും ജീവപര്യന്തം തടവ്. അദിതി എസ്. നമ്പൂതിരിയെ ശാരീരികമായി പീഡിപ്പിച്ചും പട്ടിണിക്കിട്ടും കൊലപ്പെടുത്തിയെന്ന കേസിലാണ് ഒന്നാം പ്രതിയും കുട്ടിയുടെ പിതാവുമായ സുബ്രഹ്മണ്യൻ നമ്പൂതിരിക്കും രണ്ടാംപ്രതിയും രണ്ടാനമ്മയുമായ റംലബീഗത്തിനും (ദേവിക അന്തർജനം) ഹൈക്കോടതി ശിക്ഷ വിധിച്ചത്. പ്രതികൾ രണ്ടു ലക്ഷം രൂപ വീതം പിഴ ഒടുക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
പ്രതികൾക്കെതിരെ കൊലക്കുറ്റം നിലനിൽക്കില്ലെന്ന കോഴിക്കോട് അഡീഷണൽ സെഷൻസ് കോടതിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. വിചാരണക്കോടതി പ്രതികളെ യഥാക്രമം മൂന്നും രണ്ടും വർഷം കഠിനതടവിനായിരുന്നു ശിക്ഷിച്ചത്. ഈ വിധിക്കെതിരേ സർക്കാർ നൽകിയ അപ്പീലിലാണ് ജസ്റ്റീസുമാരായ വി. രാജാവിജയരാഘവൻ, കെ.വി. ജയകുമാർ എന്നിവർ ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിധി പ്രഖ്യാപിച്ചത്.
തിരുവമ്പാടി തട്ടേക്കാട്ട് ഇല്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ മകൾ അദിതി 2013 ഏപ്രിൽ 29നാണ് മരിച്ചത്. പെൺകുട്ടിയുടെ പത്തുവയസുകാരനായ സഹോദരന്റെ സാക്ഷിമൊഴി ഉൾപ്പെടെ പരിഗണിക്കുമ്പോൾ കൊലപാതകക്കുറ്റത്തിനു മതിയായ തെളിവുണ്ടെന്ന് ഹൈക്കോടതി വിലയിരുത്തി.
കുട്ടിയെ വധിക്കണമെന്ന ലക്ഷ്യം പ്രതികൾക്ക് ഇല്ലായിരുന്നുവെന്നും അച്ചടക്കത്തിനായി പരിക്കേൽപ്പിക്കുക മാത്രമായിരുന്നു ഉണ്ടായതെന്നുമുള്ള വിചാരണക്കോടതിയുടെ വിലയിരുത്തൽ തെറ്റാണെന്ന് ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു.
മെഡിക്കൽ തെളിവുകൾ വിചാരണക്കോടതി കണക്കിലെടുത്തില്ല. പ്രതിഭാഗത്തിന്റെ വാദത്തിനാണ് വിചാരണക്കോടതി മുൻതൂക്കം നൽകിയത്. പ്രതികൾക്ക് പൊതുവായ ലക്ഷ്യം ഉണ്ടായിരുന്നു. തെളിവുകൾ വിലയിരുത്തിയതിൽ വിചാരണക്കോടതിക്ക് വീഴ്ചപറ്റി.
ആയുധം ഉപയോഗിച്ചും അല്ലാതെയും പരിക്കേൽപ്പിച്ചു എന്ന കുറ്റമാണ് പ്രതികൾക്കെതിരേ വിചാരണക്കോടതി കണ്ടെത്തിയത്. ബാലനീതി നിയമത്തിന്റെ അടിസ്ഥാനത്തിലുള്ള കുറ്റവും ചുമത്തി. ഇതിലൂടെ കുറ്റകൃത്യത്തിന്റെ ഗൗരവം വിചാരണക്കോടതി കുറയ്ക്കുകയായിരുന്നു. വിചാരണക്കോടതിയുടെ കണ്ടെത്തൽ ശരിവച്ചാൽ നീതിയുടെ നിഷേധമാകുമെന്നും ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു.
കുട്ടിയുടെ മരണകാരണത്തെക്കുറിച്ച് തൃപ്തികരമായ വിശദീകരണം നൽകാൻ പ്രതികൾക്കു കഴിഞ്ഞിട്ടില്ല. ചുഴലി കാരണമാണ് കുട്ടി മരിച്ചതെന്ന പ്രതികളുടെ വാദവും തള്ളി.
National
ബംഗളൂരു: ബംഗളുരുവിലെ യുവ ഡോക്ടർ കൃതിക റെഡ്ഡിയെ കൊലപ്പെടുത്തിയത് ഭർത്താവ് മഹേന്ദ്ര റെഡ്ഡി. പ്രതി കാമുകിക്ക് അയച്ച വാട്സ്ആപ്പ് സന്ദേശം പോലീസ് വീണ്ടെടുത്തതാണ് അന്വേഷണത്തിൽ നിർണായകമായത്.
ഡോക്ടർ മഹേന്ദ്ര റെഡ്ഡി കാമുകിക്ക് അയച്ച ശേഷം ഈ മെസേജ് ഡിലീറ്റ് ചെയ്തിരുന്നു. എന്നാൽ വാട്സാപ്പിൽനിന്ന് പോലീസ് ഇത് കണ്ടെടുത്തതോടെ നിൽക്കക്കള്ളിയില്ലാതെ പ്രതി കുറ്റസമ്മതം നടത്തുകയായിരുന്നു. പ്രണയബന്ധം തുടരാനായിരുന്നു കൊലപാതകം എന്നാണ് പ്രതിയുടെ കുറ്റസമ്മത മൊഴി.
വിവാഹമോചനം നടത്തിയാൽ സ്വത്തുക്കൾ നഷ്ടപ്പെടുമോ എന്ന ആശങ്ക ഉണ്ടായിരുന്നെന്നും അതുകൊണ്ടാണ് കൊലപാതകം നടത്തിയതെന്നും ഡോക്ടർ മഹേന്ദ്ര റെഡ്ഡി മൊഴി നൽകി. ആരും സംശയിക്കാതിരിക്കാൻ അനസ്തേഷ്യ ഉപയോഗിക്കാൻ തീരുമാനിച്ചതെന്നും മഹേന്ദ്ര വ്യക്തമാക്കി.
NRI
അൽവാരാഡോ( ടെക്സസ്): അൽവാരാഡോ ഹൈസ്കൂളിലെ ബയോളജി, കെമിസ്ട്രി അധ്യാപിക ചെൽസി സ്പില്ലേഴ്സ് (33)യെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് ബ്രാൻഡൻ ആഷ്ലിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒക്ടോബർ 18ന് സ്പില്ലേഴ്സ് അവരുടെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയതിനെത്തുടർന്ന്, അന്വേഷണത്തിൽ ഭർത്താവിന്റെ മർദനമൂലാമാണ് ഇവർ കൊല്ലപ്പെട്ടതെന്ന് കണ്ടെത്തിയത്.
ആഷ്ലിയെ ഒക്ടോബർ 20ന് ഗ്രൈംസ് കൗണ്ടിയിലെ ബെഡിയാസിൽ പോലീസ് പിടികൂടി. ഇയാളുടെ കൈയിൽ ഒരു തോക്കും കണ്ടെത്തിയിട്ടുണ്ട്.
ചെൽസി സ്പില്ലേഴ്സ് അധ്യാപികയായിരുന്നു. വിദ്യാർഥികൾക്കും അധ്യാപകർക്കും കൗൺസലിംഗ് സൗകര്യം സ്കൂൾ അധികൃതർ ഏർപ്പെടുത്തിയിട്ടുണ്ട്.
പോലീസ് അന്വേഷണത്തിൽ തുടരുകയാണെന്നും, ആഷ്ലിയെ ജോൺസൺ കൗണ്ടിയിലേക്ക് മാറ്റുമെന്ന് അധികൃതർ അറിയിച്ചു.
NRI
ല്യൂസിവിൽ (ടെക്സസ്): ഈസ്റ്റ് സ്റ്റേറ്റ് ഹൈവേ 121ൽ സ്ഥിതി ചെയ്യുന്ന ഒരു മൊബൈൽ ഹോം പാർക്കിൽ ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെ നടന്ന വെടിവയ്പ്പിൽ ഒരു സ്ത്രീ കൊല്ലപ്പെടുകയും ഒരു പുരുഷന് ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തതായി പോലീസ് അറിയിച്ചു.
പോലീസിന്റെ പ്രസ്താവന പ്രകാരം, വെടിവയ്പ്പിൽ ഒരു പുരുഷൻ ഒരു സ്ത്രീയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം, സ്വന്തം കഴുത്തിൽ വെടിയുതിർത്ത് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. സ്ത്രീ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ പുരുഷൻ ചികിത്സയിലാണ്. നിലവിൽ പൊതു സുരക്ഷയ്ക്ക് ഭീഷണിയൊന്നുമില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
എന്നിരുന്നാലും, അന്വേഷണം തുടരുന്നതിനാൽ മൊബൈൽ ഹോം പാർക്കിന്റെ പരിസരത്ത് നിന്ന് ആളുകൾ മാറിനിൽക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുന്നു. ആക്രമണത്തിൽ ഉൾപ്പെട്ട വ്യക്തികളെക്കുറിച്ചോ സംഭവത്തിന്റെ പ്രേരണയെക്കുറിച്ചോ ഇതുവരെ വ്യക്തമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.
Kerala
കാസർഗോഡ്: പെരിയ ഇരട്ടക്കൊലക്കേസിൽ ഒരു പ്രതിക്കുകൂടി സർക്കാർ പരോൾ അനുവദിച്ചു. പതിനഞ്ചാം പ്രതി കല്യോട്ട് സ്വദേശി വിഷ്ണു സുരേന്ദ്രനാണു (സുര) പരോൾ അനുവദിച്ചത്.
ബേക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കാൻ പാടില്ലെന്ന വ്യവസ്ഥയോടെയാണു പരോൾ. കഴിഞ്ഞയാഴ്ച പത്താം പ്രതി രഞ്ജിത്തിനും പരോൾ ലഭിച്ചിരുന്നു. ഇനി കേസിൽ ശിക്ഷിക്കപ്പെട്ട കണ്ണൂർ ചപ്പാരപ്പടവ് സ്വദേശി സുരേഷിന് മാത്രമാണ് പരോൾ ലഭിക്കാൻ ബാക്കിയുള്ളത്.
ഇയാളുടെ അപേക്ഷയും പരിഗണനയിലാണ്. കേസിലെ ഒന്നാം പ്രതി പീതാംബരൻ, മറ്റു പ്രതികളായ അശ്വിൻ, ഗിജിൻ, ശ്രീരാഗ്, രഞ്ജിത്, സജു എന്നിവരും പരോളിലാണ്. അനിൽ കുമാർ, സുധീഷ് എന്നിവർ പരോൾ കാലാവധി കഴിഞ്ഞ് തിരിച്ചു ജയിലിലേക്കു പോയി.
പ്രതികൾക്ക് പരോൾ അനുവദിച്ചതിനെതിരെ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തെത്തിയിരുന്നു. 2019 ഫെബ്രുവരി 17നാണു പെരിയ കല്യോട്ട് ശരത് ലാലിനെയും കൃപേഷിനെയും സിപിഎം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്.
Kerala
തിരുവനന്തപുരം: പട്ടത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലായിരുന്ന ഭാര്യയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം ആശുപത്രി കെട്ടിടത്തിന്റെ അഞ്ചാം നിലയിൽ നിന്നു ചാടിയ ഗൃഹനാഥനും മരണത്തിനു കീഴടങ്ങി.
കരകുളം സ്വദേശിനി ജയന്തി (62) യാണ് കൊല്ലപ്പെട്ടത്. ഇന്നു രാവിലെ മരിച്ച ഭര്‍ത്താവ് ഭാസുരാംഗന് (73) തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. വൃക്കരോഗിയായ ജയന്തി ഇക്കഴിഞ്ഞ ഒന്നാം തീയതി മുതല്‍ പട്ടത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു.
ഭര്‍ത്താവ് ഭാസുരാംഗന് ജയന്തിയെ കേബിൾ കഴുത്തിൽ മുറുക്കി കൊലപ്പെടുത്തിയ ശേഷം ആശുപത്രി കെട്ടിടത്തിലെ അഞ്ചാംനിലയില്നിന്നും താഴേക്ക് ചാടുകയായിരുന്നു. ആശുപത്രി അധികൃതര്‍ മെഡിക്കല്‍ കോളജ് പോലീസില്‍ വിവരം അറിയിച്ചതിനെത്തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചു.
മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ജയന്തിയെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ഭാസുരാംഗന് ആത്മഹത്യചെയ്തുവെന്നാണു പോലീസ് വ്യക്തമാക്കുന്നത്. ഇവർക്ക് ഒരു മകനും മകളുമുണ്ട്. മകൻ വിദേശത്താണുജോലി ചെയ്യുന്നത്.
Kerala
കൊച്ചി: എറണാകുളം ആലുവയില്‍ അഞ്ച് വയസുകാരിയെ കൊലപ്പെടുത്തിയ കേസിലെ ഏക പ്രതിയായ അസഫാക്ക് ആലം വിചാരണക്കോടതി വിധിച്ച വധശിക്ഷയ്ക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി.
വിചാരണക്കോടതിയുടെ വധശിക്ഷ ഇതുവരെ ഹൈക്കോടതി സ്ഥിരീകരിച്ചിട്ടില്ല. നിയപരമായി വിചാരണ കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി അംഗീകരിക്കേണ്ടതുണ്ട്. ഇത് സംബന്ധിച്ചുള്ള നടപടികള്‍ ഹൈക്കോടതിയുടെ പരിഗണനയിലിരിക്കെയാണ് പ്രതി അപ്പീല്‍ സമര്‍പ്പിച്ചിട്ടുള്ളത്.
ആലുവ മാര്‍ക്കറ്റിനുള്ളില്‍ അഞ്ച് വയസുകാരിയെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതി 2023 ജൂലൈ 29 നാണ് അറസ്റ്റിലായത്. വധശിക്ഷ കഠിനവും നീതീകരിക്കാനാവാത്തതുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍.
എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് 110 ദിവസത്തിനുള്ളില്‍ വിചാരണ കോടതി അനാവശ്യ തിടുക്കത്തില്‍ വിചാരണ നടത്തി, കേസ് വാദിക്കാനുള്ള ന്യായവും നീതിയുക്തവുമായ അവസരം നഷ്ടപ്പെടുത്തിയെന്നും അപ്പീലില്‍ പറയുന്നു.
വിചാരണ കോടതി നിയമിച്ച വിവര്ത്തകന് തനിക്കെതിരെ പക്ഷപാതപരമായി പെരുമാറി. ഒരു മാധ്യമ അഭിമുഖത്തില്‍, വിവര്ത്തകന് തന്നെ പരസ്യമായി തൂക്കിക്കൊല്ലണം, വധശിക്ഷ പ്രതീക്ഷിക്കുന്നുവെന്ന് പറഞ്ഞിരുന്നു. അത്തരമൊരു വ്യക്തിയെ നിഷ്പക്ഷനായി കണക്കാക്കാന്‍ കഴിയില്ലെന്നും അപ്പീലില്‍ പറയുന്നു.
സാക്ഷികളുടെ മൊഴികളിലെ പൊരുത്തക്കേട്, മെഡിക്കല്‍ തെളിവുകളുടെ പോരായ്മ, അന്വേഷണത്തിലെ പ്രശ്നങ്ങള്‍, ശരിയായ രീതിയില്‍ ഫോറന്‍സിക്, കെമിക്കല്‍ പരിശോധനകള്‍ നടത്തുന്നതില്‍ പരാജയപ്പെട്ടു തുടങ്ങിയ 60 കാരണങ്ങള്‍ അപ്പീലില്‍ ഉന്നയിച്ചിട്ടുണ്ട്. ശിക്ഷ റദ്ദാക്കണമെന്നും അപ്പീല്‍ പരിഗണിക്കുന്നതുവരെ ജാമ്യം അനുവദിക്കണമെന്നുമാണ് ആവശ്യം.
National
ലക്നോ: ഉത്തർപ്രദേശിൽ പിതാവിന്റെ കൊലപാതകിയെ 14 വർഷങ്ങൾക്ക് ശേഷം കൊലപ്പെടുത്തി മകൻ. മംഗ്ലോറ ഗ്രാമത്തിലാണ് സംഭവം.
ജയ്വീർ(45)എന്നയാളാണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച വൈകുന്നേരം വയലിൽ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ രാഹുൽ(14) എന്നയാൾ ജയ്വീറിനെ വെടിവച്ച് കൊല്ലുകയായിരുന്നു.
പ്രതി രാഹുൽ ഒളിവിലാണെന്നും ഇയാൾക്കെതിരെ കേസെടുത്തെന്നും അഡീഷണൽ പോലീസ് സൂപ്രണ്ട് സന്തോഷ് കുമാർ സിംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നും മുൻകരുതൽ നടപടിയായി കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.
രാഹുലിന്റെ പിതാവ് ബ്രിജ്പാലിനെ 2011 ൽ ജയ്വീർ കൊലപ്പെടുത്തിയിരുന്നു. ഈ കേസിൽ ജയ്വീർ 11 വർഷം തടവുശിക്ഷ അനുഭവിച്ചിരുന്നു. ജയിൽ മോചിതനായ ശേഷം കഴിഞ്ഞ മൂന്ന് വർഷമായി ജയ്വീർ ഗ്രാമത്തിൽ താമസിച്ചുവരികയായിരുന്നു.
National
ലക്നോ: മകളെ കൊലപ്പെടുത്തിയ കേസിൽ അമ്മയേയും കാമുകനേയും പോലീസ് അറസ്റ്റ് ചെയ്തു. യുപിയിൽ നടന്ന സംഭവത്തിൽ കുട്ടിയുടെ അമ്മ സീമയും കാമുകൻ യതേന്ദ്രയുമാണ് അറസ്റ്റിലായത്. കുഞ്ഞിനെ കൊലപ്പെടുത്തിയശേഷം മറ്റൊരാളെ കേസിൽ കുടുക്കാൻ ഇവർ ശ്രമിച്ചതായും പോലീസ് പറഞ്ഞു.
സമീപവാസിയായ വീട്ടമ്മ തന്റെ മകളെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് സീമ നരോറ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് കുട്ടിയുടെ മൃതദേഹം കനാലിൽ നിന്ന് കണ്ടെത്തുകയായിരുന്നു.
പിന്നീട് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് സീമയും കാമുകൻ യതേന്ദ്രയും പിടിയിലായത്. മുന്നോട്ടുള്ള ജീവിതത്തിൽ കുട്ടി തടസമാകുമെന്ന് കരുതിയാണ് കൊല നടത്തിയതെന്ന് ഇവർ പോലീസിൽ മൊഴി നൽകി.
കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം നരോരയിലെ കനാലിലേക്ക് വലിച്ചെറിഞ്ഞ ശേഷമാണ് സീമയും കാമുകനും സ്റ്റേഷനിൽ പരാതി നൽകിയതെന്ന് പോലീസ് പറഞ്ഞു.
National
പാറ്റ്ന: ബിഹാറിൽ രാഷ്ട്രീയ ജനതാദൾ (ആർജെഡി) നേതാവ് രാജ്കുമാർ റായ് എന്ന അല്ലാഹ് റായ് വെടിയേറ്റു മരിച്ചു. ഇന്നലെ രാത്രി പട്ന ചിത്രഗുപ്തിലെ മുന്നചക് പ്രദേശത്താണു സംഭവം. അജ്ഞാതരായ രണ്ടുപേർ റായിയുടെനേരേ വെടിയുതിർക്കുകയായിരുന്നു.
സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിനു മാസങ്ങൾക്കു മുമ്പാണു സംഭവം. രാഘോപുർ നിയമസഭാമണ്ഡലത്തിൽ സ്ഥാനാർഥിത്വം ഉറപ്പായ നേതാവായിരുന്നു റായ്. കേസിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. വസ്തുവുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിനു പിന്നിലെന്നാണു സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. റിയൽ എസ്റ്റേറ്റ് ബിസിനസുകളിൽ റായ് ഉൾപ്പെട്ടിരുന്നു.
വെടിയേറ്റ ആർജെഡി നേതാവിനെ പോലീസ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ നഷ്ടമായിരുന്നു. ഫോറൻസിക് സംഘം സംഭവസ്ഥലത്തെത്തി പരിശോധന നടത്തി. ആറു കാട്രിഡ്ജുകൾ കണ്ടെടുത്തിട്ടുണ്ട്.
പ്രദേശത്തുനിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ കൊലനടത്തിയതിനുശേഷം പ്രതികൾ ഓടിരക്ഷപ്പെടുന്നതു കാണാം. പ്രതികളെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്ന് പട്ന ഈസ്റ്റ് പോലീസ് സൂപ്രണ്ട് പരിജയ് കുമാർ പറഞ്ഞു.
Kerala
തിരുവനന്തപുരം: നെയ്യാര്‍ഡാം കുറ്റിച്ചലില്‍ മദ്യലഹരിയില്‍ മകന് പിതാവിനെ ചവിട്ടിക്കൊന്നു. നെയ്യാര്‍ഡാം മണ്ണൂര്‍ക്കര കുറ്റിച്ചല്‍ നിഷ നിവാസില്‍ രവി (65) ആണ് കൊല്ലപ്പെട്ടത്. മകന് നിഷാദിനെ നെയ്യാര്‍ഡാം പോലീസ് കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം. മദ്യപിച്ച് വീട്ടിലെത്തിയ നിഷാദ് മകളെ മര്‍ദിച്ചു. കുട്ടിയെ മര്‍ദ്ദിക്കുന്നത് രവി തടഞ്ഞതാണ് പ്രകോപനമായത്. ഇദ്ദേഹത്തെ നിഷാദ് മര്‍ദ്ദിച്ച ശേഷം നെഞ്ചില്‍ ചവിട്ടി വീഴ്ത്തിയെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ രവിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നെയ്യാര്‍ ഡാം പോലീസ് സ്ഥലത്തെത്തി നിഷാദിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. തിരുവനന്തപുരത്തെ സ്വകാര്യ ആയൂര്‍വേദാശുപത്രിയിലെ ഡ്രൈവറാണ് നിഷാദ്. രവിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
Kerala
കൊല്ലം: കൊട്ടാരക്കര ഗവ. ആശുപത്രിയിൽ അതിക്രൂരമായി കൊലചെയ്യപ്പെട്ട ഡോ. വന്ദനാദാസ് കേസിലെ സാക്ഷിവിസ്താരം കൊല്ലം അഡി. സെഷൻസ് കോടതിയിൽ ആരംഭിച്ചു. രണ്ടാം സാക്ഷിയും പ്രതിയുടെ സമീപവാസിയുമായ ബിനുവിന്റെ വിസ്താരം പൂർത്തിയായി. ജഡ്ജി പി.എൻ.വിനോദ് ആണ് വാദം കേൾക്കുന്നത്.
പ്രതിയായ കുടവട്ടൂർ സ്വദേശിയായ സന്ദീപിനെ പൂയപ്പള്ളി പോലീസ് കൊട്ടാരക്കര ഗവ. ആശുപത്രിയിൽ കൊണ്ടുവന്നപ്പോൾ താനും ഒപ്പമുണ്ടായിരുന്നു. നിരീക്ഷണ കാമറ ദൃശ്യങ്ങളും സാക്ഷി തിരിച്ചറിഞ്ഞു.
മൂന്നാം സാക്ഷി ഹോം ഗാർഡ് അലക്സ് കുട്ടിയുടെ വിസ്താരം ഇന്ന് നടക്കുന്നുണ്ട്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. പ്രതാപ്.ജി പടിക്കൽ ആണ് ഹാജരാകുന്നത്.
Kerala
കോഴിക്കോട്: കണ്ണൂർ തലശേരിയിലെ പുഴയില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം കോഴിക്കോട് തടമ്പാട്ടുതാഴത്ത് വൃദ്ധ സഹോദരിമാരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സഹോദരൻ പ്രമോദിന്റേത് തന്നെയെന്ന് സ്ഥിരീകരണം.
ഇന്ന് ഉച്ചയോടെയാണ് ചേവായൂര്‍ പൊലീസും ബന്ധുക്കളും തലശേരിയിലെത്തി മൃതദേഹം തിരിച്ചറിഞ്ഞത്. 62 വയസുള്ള പ്രമോദിന്റേത് തന്നെയാണ് മൃതദേഹമെന്ന് ബന്ധുക്കള്‍ തിരിച്ചറിഞ്ഞതായി പൊലീസ് അറിയിച്ചു.
കേസിൽ പ്രമോദിനായി ലുക്ക്ഔട്ട് സര്‍ക്കുലര്‍ ഇറക്കി പോലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് തലശേരി കുയ്യാലി പുഴയിൽ അജ്ഞാത മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് മൃതദേഹം തലശേരി ജനറൽ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റുകയായിരുന്നു.
കോഴിക്കോട് കാരപ്പറമ്പ് തടമ്പാട്ടുതാഴം ഫ്ളോറിക്കല്‍ റോഡിലെ വാടക വീട്ടില്‍ താമസിച്ചിരുന്ന നടക്കാവ് മൂലക്കണ്ടി വീട്ടില്‍ ശ്രീജയ (72), പുഷ്പ (68) എന്നിവരെ കഴിഞ്ഞ ദിവസമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രമോദ് (63) ഇവരെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്.
സഹോദരിമാര്‍ക്കൊപ്പമാണ് പ്രമോദ് താമസിച്ചിരുന്നത്. മൂന്നു പേരും അവിവാഹിതരാണ്. ശനിയാഴ്ച രാവിലെ രാവിലെപ്രമോദ് ബന്ധുക്കളെ ഫോണില്‍ വിളിച്ച് സഹോദരിമാരുടെ മരണവിവരം അറിയിക്കുകയായിരുന്നു. ബന്ധുക്കളെത്തി വീട് തുറന്നു നോക്കിയപ്പോള്‍ ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തി. വെള്ളത്തുണി പുതപ്പിച്ച് തലമാത്രം പുറത്തുകാണുന്ന നിലയില്‍ രണ്ടുമുറികളിലായിരുന്നു മൃതദേഹങ്ങള്‍. ബന്ധുക്കളെത്തിയപ്പോള്‍ പ്രമോദ് വീട്ടിലുണ്ടായിരുന്നില്ല.
ആരോഗ്യപ്രശ്നങ്ങളുള്ള സഹോദരിമാരെ പ്രമോദ് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. വിവാഹം കഴിക്കാതെ സഹോദരിമാര്‍ക്കു വേണ്ടി ജീവിച്ച പ്രമോദ് നേരത്തേ എരഞ്ഞിപ്പാലത്ത് ഇലക്ട്രിക്കല്‍ കടയിൽ ജോലി ചെയ്തിരുന്നു.
മൂന്നു വര്‍ഷം മുന്‍പാണ് ഇവര്‍ ഫ്ളോറിക്കൽ റോഡിലെ വീട്ടില്‍ വാടകയ്ക്ക് താമസം തുടങ്ങിയത്. പിന്നീട് ശ്രീജയയ്ക്ക് അസുഖം ബാധിച്ചതോടെ പ്രമോദ് ജോലിക്കു പോകാതെ വീട്ടില്‍ ഇരുവരെയും ശുശ്രൂഷിക്കുകയായിരുന്നു.
Kerala
കോഴിക്കോട്: തടമ്പാട്ടുതാഴത്ത് വൃദ്ധ സഹോദരിമാരെ കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സഹോദരൻ പ്രമോദിനോടു സാദൃശ്യമുള്ള അറുപത് വയസുതോന്നിക്കുന്നയാളുടെ മൃതദേഹം തലശേരിയിലെ പുഴയില്‍ കണ്ടെത്തി. സ്ഥിരീകരണത്തിനായി പോലീസ് ഇവിടേക്കു തിരിച്ചിട്ടുണ്ട്.
കോഴിക്കോട് കാരപ്പറമ്പ് തടമ്പാട്ടുതാഴം ഫ്ളോറിക്കല്‍ റോഡിലെ വാടക വീട്ടില്‍ താമസിച്ചിരുന്ന നടക്കാവ് മൂലക്കണ്ടി വീട്ടില്‍ ശ്രീജയ (72), പുഷ്പ (68) എന്നിവരാണ് കൊല്ലപ്പെട്ടത്. മൂന്ന് വർഷമായി തടമ്പാട്ടുതാഴത്തെ വാടക വീട്ടിലാണ് പ്രമോദും വൃദ്ധ സഹോദരിമാരും താമസിച്ചിരുന്നത്.
ഫറോക്ക് പാലം ജംഗ്ഷനിലാണ് പ്രമോദിന്റെ മൊബൈൽ ടവർ ലൊക്കേഷൻ അവസാനിച്ചത്. ഈ പ്രദേശത്ത് ഉൾപ്പെടെ പോലീസ് വിശദമായ തെരച്ചിൽ നടത്തിയിരുന്നു. എന്നാൽ കൊലപാതകം കഴിഞ്ഞ് ഇന്ന് മൂന്നു ദിവസം ആവുമ്പോഴും സഹോദരനെ കണ്ടെത്താന്‍ കഴിഞ്ഞില്ല. പ്രമോദ് പുഴയിലേക്ക് ചാടിയെന്നസംശയം നേരത്തെ തന്നെ പോലീസിനുണ്ടായിരുന്നു.
കഴിഞ്ഞ ദിവസമാണ് വാടകയ്ക്ക് താമസിക്കുന്ന വീട്ടില്‍ സഹോദരിമാരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹോദരന് പ്രമോദ് (63) ഇവരെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് കേസ്.
സഹോദരിമാര്‍ക്കൊപ്പമാണ് പ്രമോദ് താമസിച്ചിരുന്നത്. മൂന്നു പേരും അവിവാഹിതരാണ്. ശനിയാഴ്ച രാവിലെ രാവിലെപ്രമോദ് ബന്ധുക്കളെ ഫോണില്‍ വിളിച്ച് സഹോദരിമാരുടെ മരണവിവരം അറിയിക്കുകയായിരുന്നു. ബന്ധുക്കളെത്തി വീട് തുറന്നു നോക്കിയപ്പോള്‍ ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തി. വെള്ളത്തുണി പുതപ്പിച്ച് തലമാത്രം പുറത്തുകാണുന്ന നിലയില്‍ രണ്ടുമുറികളിലായിരുന്നു മൃതദേഹങ്ങള്‍. ബന്ധുക്കളെത്തിയപ്പോള്‍ പ്രമോദ് വീട്ടിലുണ്ടായിരുന്നില്ല.
ആരോഗ്യപ്രശ്നങ്ങളുള്ള സഹോദരിമാരെ പ്രമോദ് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോലീസിന്റെ നിഗമനം. വിവാഹം കഴിക്കാതെ സഹോദരിമാര്‍ക്കു വേണ്ടി ജീവിച്ച പ്രമോദ് നേരത്തേ എരഞ്ഞിപ്പാലത്ത് ഇലക്ട്രിക്കല്‍ കടയിൽ ജോലി ചെയ്തിരുന്നു.
മൂന്നു വര്‍ഷം മുന്‍പാണ് ഇവര്‍ ഫ്ളോറിക്കൽ റോഡിലെ വീട്ടില്‍ വാടകയ്ക്ക് താമസം തുടങ്ങിയത്. പിന്നീട് ശ്രീജയയ്ക്ക് അസുഖം ബാധിച്ചതോടെ പ്രമോദ് ജോലിക്കു പോകാതെ വീട്ടില്‍ ഇരുവരെയും ശുശ്രൂഷിക്കുകയായിരുന്നു.
Kerala
പാലക്കാട് : മധ്യവയസ്കനെ കൊലപ്പെടുത്തിയ കേസിൽ സുഹൃത്ത് പിടിയിൽ. മണ്ണാർക്കാട് സ്വദേശി രമേശിനെയാണ് ഹേമാംബിക നഗർ പോലീസ് അറസ്റ്റ് ചെയ്തത്.
മുട്ടികുളങ്ങര സ്വദേശി വേണുഗോപാലാണ് മരിച്ചത്. കൊലപാതക കാരണം മുൻവൈരാഗ്യമെന്ന് പിടിയിലായ പ്രതി രമേശ് പോലീസിനോട് പറഞ്ഞു.
വേണുഗോപാൽ തന്റെ ആക്രിവസ്തുക്കൾ മോഷ്ടിച്ച് വിൽപ്പന നടത്തിയതിലെ വൈരാഗ്യത്തിലായിരുന്നു കൊലപാതകം. ആക്രികച്ചവടക്കാരായ ഇരുവരും തമ്മിൽതർക്കം ഉണ്ടാവുകയും ആക്രമണത്തിൽ കലാശിക്കുകയുമായിരുന്നു. ഉളി പോലുള്ള മൂർച്ചയേറിയ ആയുധം ഉപയോഗിച്ചായിരുന്നു വേണുഗോപാലിനെ രമേശ് ആക്രമിച്ചത്.
പ്രതി ഇന്ന് സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തും. ചൊവ്വാഴ്ചയാണ് മുട്ടിക്കുളങ്ങര സ്വദേശി വേണുഗോപാലിനെ റെയില്‍വെ കോളനി അത്താണിപ്പറമ്പിലെ കടത്തിണ്ണയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്.